Sunday, February 28, 2010

13.ആദായനികുതി സ്ലാബ്‌ പരിഷ്‌കരിച്ചു; 1.6-5 ലക്ഷത്തിനു 10 % നികുതി

ന്യൂഡല്‍ഹി: വ്യക്‌തിഗത ആദായനികുതി ഘടന പരിഷ്‌കരിച്ചു. പൊതുവിഭാഗത്തില്‍പെട്ടവരെ ആദായനികുതി നല്‍കുന്നതില്‍നിന്ന്‌ ഒഴിവാക്കിയിട്ടുള്ള വരുമാനപരിധി നിലവിലെ 1,60,000 രൂപയായി തുടരും.

ഉയര്‍ന്ന വരുമാനപരിധി നേരത്തേ ഉണ്ടായിരുന്ന അഞ്ചു ലക്ഷത്തില്‍നിന്ന്‌ എട്ടു ലക്ഷമായി ഉയര്‍ത്തി. 1,60,000 മുതല്‍ അഞ്ചുലക്ഷം രൂപ വരെയുള്ളവര്‍ ഇനി പത്തു ശതമാനം നികുതി നല്‍കണം. നേരത്തേ ഈ പരിധി 1,60,000 മുതല്‍ മൂന്നുലക്ഷം രൂപവരെയായിരുന്നു.

അഞ്ചുലക്ഷം മുതല്‍ എട്ടുലക്ഷം വരെയുള്ളവര്‍ 20 ശതമാനം നികുതിയാണ്‌ ഇനി നല്‍കേണ്ടത്‌. നേരത്തേ മൂന്നുലക്ഷം മുതല്‍ അഞ്ചുലക്ഷം വരെ വരുമാനമുള്ളവര്‍ നല്‍കിയിരുന്ന നികുതിനിരക്കാണിത്‌.

എട്ടുലക്ഷത്തിനുമേല്‍ വരുമാനമുള്ളവര്‍ ഇനി 30 ശതമാനം നികുതി നല്‍കണം. നേരത്തേ അഞ്ചുലക്ഷം രൂപയ്‌ക്കുമേല്‍ വരുമാനമുള്ളവര്‍ 30 ശതമാനം നികുതി നല്‍കണമായിരുന്നു. പുതിയ സ്ലാബ്‌ ശമ്പളക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും ഗുണംചെയ്യും. മൂന്നുലക്ഷം എന്ന സ്ലാബ്‌ അഞ്ചുലക്ഷമായി ഉയര്‍ത്തിയതോടെ 60 ശതമാനം ശമ്പളക്കാര്‍ക്ക്‌ പ്രയോജനം ലഭിക്കുമെന്നാണു കണക്കാക്കുന്നത്‌. വനിതകള്‍ക്ക്‌ 1,90,000 രൂപവരെ ആദായനികുതി ഒഴിവുണ്ട്‌.

1,90,001 മുതല്‍ അഞ്ചുലക്ഷം വരെ 10 ശതമാനവും 5,00,001 മുതല്‍ എട്ടുലക്ഷംവരെ 20 ശതമാനവും എട്ടുലക്ഷത്തിനുമേല്‍ 30 ശതമാനവും നികുതി നല്‍കണം.

65നു മേലുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്ക്‌ 2,40,000 രൂപ വരെ നിലവില്‍ ആദായനികുതി ഒഴിവുണ്ട്‌. അതു തുടരും.

2,40,001 മുതല്‍ അഞ്ചുലക്ഷം വരെ 10 ശതമാനവും അഞ്ചുലക്ഷത്തിഒന്നു മുതല്‍ എട്ടുലക്ഷം വരെ 20 ശതമാനവും എട്ടു ലക്ഷത്തിനുമേല്‍ 30 ശതമാനവും നല്‍കണം.

No comments: